
The Red-Haired Woman
Reviews

Orhan Pamuk - നെ സ്ഥിരമായി വായിക്കുന്നവർ ഈഡിപ്പസ് കഥയിലേക്കുള്ള സൂചനകൾ മൈ നെയിം ഈസ് റെഡ്, സ്നോ തുടങ്ങിയ നോവലുകളിൽ കടന്നു വരുന്നതായി കണ്ടിരിക്കും. എഴുത്തുകാരന്റെ മറ്റൊരു ഇഷ്ടവിഷയമാണ് ദ്വന്ദങ്ങളുടെ ആവിഷ്കാരം. ഈഡിപ്പസ് കഥയിൽ മകൻ സത്യമറിയാതെ അച്ഛനെ കൊല്ലുന്നതും, അമ്മയുമായി വിവാഹം കഴിക്കുന്നതുമാണല്ലോ. ഇറാന്റെ നാഷണൽ എപിക് ആയ "Shahnameh" യിലെ കഥയിൽ റൂഷ്തം മകനായ സൊഹ്‌റാബിനെ വധിക്കുന്നതാണ് കഥ. ഈ രണ്ടു കഥകൾ വച്ച് മേൽപ്പറഞ്ഞ ദ്വന്ദത്തെ വീണ്ടും മറ്റൊരു കഥയായി ആവിഷ്കരിക്കുകയാണ് പാമുക് "The Red-Haired Woman” എന്ന പുതിയ നോവലിൽ. നോവൽ ചെറുതാണ് - മുന്നേയുള്ള രണ്ടു നോവലുകളെ വച്ച് നോക്കുന്പോൾ പ്രത്യേകിച്ചും. കൂട്ടത്തിൽ തുർക്കിയിലെ ഫെമിനിസ്റ്റ് മൂവ്മെന്റിന് ഒരു ട്രബ്യൂട്ട് എന്ന രീതിയിലും വേണമെങ്കിൽ ഇതിനെ വായിക്കാം. Cem എന്ന കൗമാരക്കാരൻ അച്ഛനെ അയാളുടെ ഫാർമസി നടത്താൻ സഹായിക്കുന്നു - അവനു എഴുത്തുകാരനാകണം എന്നാണ് ആഗ്രഹം. അച്ഛൻ ഒരിടതുപക്ഷക്കാരനാണ്. ഇടതരെ ഗവണ്മെന്റ് വേട്ടയാടാൻ തുടങ്ങുന്പോൾ അവരിൽ പലരും രാജ്യംവിട്ടു. ചിലർ ഒളിവിൽപ്പോയി. സ്വന്തം നാട് വിടാതിരുന്നവരിൽപ്പെടും Cem-ന്റെ അച്ഛൻ. സ്വാഭാവികമായി അയാൾ പീഡനങ്ങൾക്കു വിധേയനായി. അങ്ങനെ ഇടക്കിടക്ക് അമ്മയുടെയും മകന്റെയും ജീവിതങ്ങളിൽ നിന്ന് അപ്രത്യക്ഷനാകുന്ന അയാൾ ഒരു തവണ പോയി പിന്നെ തിരിച്ചു വരുന്നതേയില്ല. ഫാർമസിയിലെ വരുമാനം തന്റെ കോളേജ് വിദ്യാഭ്യാസത്തിന് മതിയാകില്ലെന്നു കണ്ട മകൻ, മഹ്‌മൂദ് എന്ന പ്രസിദ്ധനായ കിണറുപണിക്കാരനൊപ്പം ഒരിടത്ത് കിണറു കുഴിക്കായി പോയി. അവിടെവച്ച് താൻ ആഗ്രഹിച്ചിരുന്ന പോലെയുള്ള അച്ഛന്റെ സാമീപ്യം Cem മഹ്‌മൂദിലൂടെ അനുഭവിക്കുന്നു. മഹ്‌മൂദ് ഖുറാനിൽ നിന്നും മറ്റും കഥകൾ അവനു പറഞ്ഞുകൊടുക്കുന്നുണ്ട്. Cem ആ നഗരപ്രാന്തത്തിൽ ചെറുപ്പക്കാരിയായ ഒരു ചുവന്ന തലമുടിക്കാരിയെ കണ്ടുമുട്ടുകയാണ്. ഒറ്റനോട്ടത്തിൽ തന്നെ അവരുടെ പ്രായവ്യത്യാസം മറന്ന് (അവന് 16, അവൾക്ക് പത്തുപതിനഞ്ചുവയസ്സെങ്കിലും മൂപ്പുണ്ട്) അവൻ അവളെ ഏകപക്ഷീയമായി പ്രേമിക്കുകയാണ്. ദിവാസ്വപ്നങ്ങളിൽ മുഴുകിനടക്കുന്ന അക്കാലത്തെ ഒരു ദിവസം അവൻ മഹ്‌മൂദിന് ഈഡിപ്പസിന്റെ കഥ പറഞ്ഞു കൊടുക്കുന്നു - ഈ കഥ പിന്നെ Cem-നു ഒരു ഒബ്‌സെഷനായി മാറുന്നത് നമുക്ക് കാണാം. Cem ചുവപ്പു തലമുടിക്കാരിയെ പിന്നെയും പിന്തുടരുന്നു. അവൾ അവനോട് ആദ്യദിവസമേ ഒരു പരിചയക്കാരനേപ്പോലെ അടുപ്പം കാട്ടുന്നുണ്ട് (അതിന്റെ കാരണം വഴിയേ നമുക്ക് മനസിലാകും). അവൾ ശരിക്കും ഒരു ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു തീയേറ്റർ സംഘത്തിലെ അംഗമാണ് - അവളുടെ കൂടെയുള്ള പയ്യൻ അവനെ ഷോ നടക്കുന്നിയിടത്തേക്ക് കടക്കാൻ സഹായിക്കുന്നു (അവന് ഷോ കാണാൻ പ്രായമായിട്ടില്ല, അത് കാണരുതെന്ന് അവനോട് മഹമൂദും പറയുന്നുണ്ട്). ഏതായാലും അവൻ ഷോ കാണുന്നു, ഷോക്ക് ശേഷം അവനും ആ സ്ത്രീയും ലൈംഗിബന്ധത്തിലേർപ്പെടുന്നു. തൊട്ടടുത്ത ദിവസം വെള്ളം കാണാതെ അവർ കുഴിച്ചു കുഴിച്ച് ആഴമേറിയ കിണറിലിറങ്ങിയ മഹ്‌മൂദിന്റെ മേലേക്ക് അവന്റെ കയ്യിൽ നിന്ന് മണ്ണ് കോരുന്ന തൊട്ടി വീഴുകയാണ്. മഹ്‌മൂദ് മരിച്ചെന്ന് കരുതിയ Cem അവിടെന്നോടിപ്പോകുന്നു. പിന്നെയുള്ള മുപ്പതുവർഷം അവനെ ഈ കുറ്റബോധം വേട്ടയാടുന്നതായി കാണാം. എഴുത്തുകാരനാവണം എന്ന ആഗ്രഹം പോലും അവനുപേക്ഷിച്ചു. എന്നാൽ ജീവിതം വേറൊരു ദിശയിലേക്ക് തിരിക്കാനൊക്കെ അവന് കഴിയുന്നുണ്ട് - എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ Cem ഇസ്താൻബൂളിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ ഉടമയാകുന്നു. പാമുക് ഈഡിപ്പൽ കോംപ്ലക്സ് കഥയിലേക്ക് കൊണ്ടുവരികയാണ് ഇവിടെ. വായനക്കാരന് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങൾ - അച്ഛനെപ്പോലെ ഒരാൾ, അയാളെ കൊന്നെന്നുള്ള ഭയം, നായകന് ഈ കഥയുമായുള്ള ഒബ്സെഷൻ, അമ്മയുടെ സ്ഥാനമുള്ള സ്ത്രീയുമായുള്ള രതി. പിൽക്കാലത്ത് അവന്റെ അച്ഛൻ അവരുമായി ബന്ധത്തിലേർപ്പെട്ടിരുന്നു എന്നത് നമ്മളറിയുന്നുണ്ട് (അവർ ഇരുവരുടെയും, കഥയിലാവർത്തിക്കുന്ന, ഇടതിനോടുള്ള ആഭിമുഖ്യത്തിൽ നിന്ന് ഊഹിക്കാനേയുള്ളൂ ഇത്). Cem അൽപ്പകാലത്തിനുശേഷം Ayşe എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നു പക്ഷെ, അവർക്കു കുഞ്ഞുങ്ങളുണ്ടാകുന്നില്ല. അവർ തങ്ങളുടെ റിയൽ എസ്റ്റേറ്റ് കന്പനിക്ക് സൊഹ്‌റാബ് എന്ന് പേരിടുന്നു. Cem-ന്റെ ആഖ്യാനത്തിലൂടെയാണ് നോവലിന്റെ ആദ്യ രണ്ടു ഭാഗങ്ങളും പുരോഗമിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെപ്പറ്റി പറയുന്പോൾ മകനോടുള്ളതുപോലെയുള്ള വാത്സല്യം അയാളുടെ വാക്കുകളിൽ കാണാനാകും. ഈഡിപ്പസിന്റെയും റൂഷ്തം-സൊഹ്‌റാബ് കഥകൾ, പെയിന്റിങ്ങുകൾ എന്നിവ അന്വേഷിച്ചും മ്യൂസിയങ്ങൾ സന്ദർശിച്ചും, പഠിച്ചുമാണ് അവരിരുവരും സമയം ചിലവഴിക്കുന്നത്. ആയിടക്ക് അച്ഛനെ കണ്ടുമുട്ടുന്പോൾ Shahnameh-യുടെ ഒരു കോപ്പി അയാൾ മകന് കൊടുക്കുന്നുണ്ട്. ഇങ്ങനെ ആവർത്തിച്ചാവർത്തിച്ചു പാമുക് ആദ്യത്തിൽ സൂചിപ്പിച്ചപോലെ ഈ ദ്വന്ദങ്ങളെ കഥയിൽ ഉടനീളം അവതരിപ്പിക്കുന്നുണ്ട്. "Strangeness in my mind" എന്ന നോവലിൽ വിശദമായി അവതരിപ്പിച്ച ഇസ്താൻബൂളിന്റെ വളർച്ച വീണ്ടും ഈ നോവലിൽ കടന്നു വരുന്നു. ചുരുക്കത്തിൽ തന്റെ പ്രിയപ്പെട്ട തീമിനെ ആവിഷ്കരിക്കുന്നതിനുവേണ്ടി അയാൾ വേഗത്തിൽ എഴുതിത്തയ്യാറാക്കിയ നോവലാണ് ഇതെന്ന് വായനക്കാരന് തോന്നും. അതിന്റെ എല്ലാ ന്യൂനതകളും ഈ നോവലിനുണ്ട്. ഒരു നീണ്ടകഥയിലോ മറ്റോ ഒതുങ്ങേണ്ടിയിരുന്ന ഒരു കഥയെ തന്റെ രചനാവൈഭവം കൊണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നോവലിസ്റ്റാണ് ആദ്യ രണ്ടു ഭാഗങ്ങളിൽ. മോലോഡ്രാമയിലെത്തുന്ന അവസാനമാണ് രണ്ടാം ഭാഗത്തിന്. ചുവന്ന മുടിക്കാരിയിൽ (Gülcihan എന്നാണവരുടെ പേര്) തനിക്കൊരു മകനുണ്ടെന്ന് Cem കണ്ടെത്തുന്ന കഥയിലെ ട്വിസ്റ്റ് ആണ് ഇതിലേക്ക് നയിക്കുന്നത്. മൂന്നാം ഭാഗത്തിൽ കഥ Gülcihan-ന്റെ വീക്ഷണകോണിലേക്ക് മാറുന്നു. ഈഡിപ്പസിന്റെയും സൊഹ്‌റാബിന്റെയും കഥകളിൽ ഇല്ലാത്തത് സ്ത്രീയുടെ കാഴ്ചയാണ്. ആ ഉദ്ദേശത്തിലാണ് നോവലിസ്റ്റ് മൂന്നാം കഥ പറയുന്നത് എന്ന് വ്യക്തം, ഇത് ഒരു ട്രബ്യൂട്ട് പീസായും കാണാം. ന്യൂ ലൈഫ് പോലുള്ള വിചിത്ര വിരസ കഥപോലും എഴുതി ഉയർത്തുന്ന പാമുക്കിന്റെ തൂലിക നിർഭാഗ്യവശാൽ ഇവിടെ ക്ലേശിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. Gülcihan ആദ്യഭാഗത്തു പതിനാറുകാരന്റെ കാമുകിയായും (അവർ എന്ത് മനസികാവസ്ഥയിലാണ് ഒരു കൊച്ചുകുട്ടിയുമായി ബന്ധപ്പെടുന്നത് എന്നത് അത്ര വ്യക്തമല്ല), അവസാനഭാഗത്തു തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന കൗശലക്കാരിയായും (നായകന്റെ ഭാര്യ Ayşe-യുമായുള്ള സംഭാഷണം ശ്രദ്ധിക്കുക) ഒക്കെ കാണപ്പെടുന്നു. അവരുടെ മുടി യഥാർത്ഥത്തിൽ ചുവപ്പല്ല, അവരാ നിറം കൊടുക്കുന്നതാണ്. അവരുടെ മാനസികാവസ്ഥ കാണിക്കാനായിരിക്കാം ഇത് സൂചിപ്പിക്കുന്നത് എന്ന് തോന്നുന്നു. അപ്പോൾ അവരുടെ പാത്രസൃഷ്ടിയുടെ ഉദ്ദേശമെന്താണ്? ഇങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് വീണു വായനക്കാരൻ ഉഴറുന്നു. ഏതായാലും അവസാന ഭാഗങ്ങളിൽ Cem-നോ അച്ഛനോ ആഗ്രഹമുണ്ടായിട്ടും കഴിയാതിരുന്ന ഒന്ന് - എഴുത്തുകാരനാകുന്നത് - പൂർത്തീകരിക്കാനായി തയ്യാറാവുകയാണ് Gülcihan-ന്റെ മകൻ. അതിനവനെ സഹായിക്കുന്നതും സദാ പ്രചോദിപ്പിക്കുന്നതും അമ്മയും(അച്ഛനല്ല). നോവലിന്റെ ആദ്യഭാഗങ്ങളിലും - കിണറുകുഴിക്കുന്ന ഭാഗത്തെ വിവരണങ്ങൾ - പിന്നീട് മൂന്നാം ഭാഗത്തിലും പരിചിതനായ പാമുക്കിനെ നമുക്ക് കാണാം. ചില വായനക്കാർ മോശം പരിഭാഷയെ കുറ്റപ്പെടുത്തുന്നത് കണ്ടു. എന്നാൽപ്പോലും നമ്മൾ പരിചയിച്ചു വന്ന പാമുക്കിയൻ ഗാംഭീര്യം ഈ നോവലില്ല എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഒരു കാര്യം കൂടി പറയേണ്ടതുണ്ട് - പാമുക്കിന്റെ നീളം കുറഞ്ഞ വർക്കുകളിലൊന്നും എളുപ്പത്തിൽ വായിക്കാവുന്നതുമാണ് ഈ നോവൽ. ഏതു ബന്ധത്തിനാണ് രണ്ട് പുരാണ കഥകളുമായി സാമ്യം വരുന്നതെന്ന കൗതുകം നിലനിർത്താൻ പാമുക് ശ്രമിച്ചത് വിജയം കണ്ടിട്ടുണ്ട്. മെലോഡ്രാമയാണെങ്കിലും Cem-ഉം മകനും കണ്ടുമുട്ടുന്നിടത്ത് ഒരു ത്രില്ലർ ഘടനയിലേക്ക് ആഖ്യാനം മാറുന്നു. ചിലപ്പോൾ കൂടുതൽ പേർ വായിക്കുന്ന പാമുക്കിന്റെ (മോശം) നോവലായും ഇത് മാറാം. അത് വായനക്കൂട്ടത്തിന് വിട്ടുകൊടുക്കുന്നു.



